തിരഞ്ഞെടുത്ത ലേഖനം

മക്ക
സൗദി അറേബ്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന നഗരമാണ് മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ മക്ക. സൗദി അറേബ്യയുടെ ഭാഗമാകുന്നതിന് മുൻപ് ഹിജാസ് ഭരണത്തിൻ കീഴിലായിരുന്നു പുരാതന കാലത്ത് ബെക്ക എന്നറിയപ്പെട്ടിരുന്ന മക്ക. 26 കിലോമീറ്റർ വിസ്തീർണ്ണമുള്ള മക്കയിൽ 2007 ലെ ജനസംഖ്യാ കണക്കനുസരിച്ച് 1,700,000 ജനങ്ങൾ അധിവസിക്കുന്നു. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന മക്ക സമുദ്ര നിരപ്പിൽ നിന്നും 277 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇസ്ലാമിക നാഗരികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലമാണ് മക്ക. ഹജ്ജ്, ഉംറ തീർഥാടന കേന്ദ്രം, സംസം കിണർ, മുഹമ്മദ്‌ നബിയുടെ ജന്മ ഗ്രാമം തുടങ്ങി മത പ്രാധാന്യമുള്ള പ്രദേശമായ മക്കയിലേക്ക് മുസ്ലീങ്ങൾക്ക് മാത്രമാണ് പ്രവേശനമുള്ളത്. ഇബ്രാഹിം നബി അവരുടെ മകൻ ഇസ്മായിൽ നബിയുടെ സഹായത്തോടെ മരുഭൂമിയിൽ കഅബ പുനർനിർമ്മിക്കുന്നത് മുതലാണ് മക്കയുടെ ചരിത്രം ആരംഭിക്കുന്നത്.

അന്റാർട്ടിക്ക

ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്‌, ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്‌. ശരാശരി 1.6 കി.മീ കനത്തിൽ അന്റാർട്ടിക്കയിൽ മഞ്ഞു മൂടിക്കിടക്കുന്നു. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ളവ മാത്രമേ അന്റാർട്ടിക്കയിലെ നൈസർഗ്ഗിക ജീവജാലങ്ങളിലുള്ളൂ. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും അന്റാർട്ടിക്കയിൽ താമസിക്കുന്നു. 1959-ൽ പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് ഉണ്ടാക്കിയ അന്റാർട്ടിക് ഉടമ്പടി പ്രകാരം അന്റാർട്ടിക്കയിൽ സൈനിക പ്രവർത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു. ഈ ഉടമ്പടിയിൽ ഒപ്പു വെച്ചിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇന്ന് 46 ആണ്. എന്നാൽ ഈ ഉടമ്പടി ശാസ്ത്ര ഗവേഷണങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 4000-ൽ അധികം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ വിവിധ പഠനഗവേഷണങ്ങൾ നടത്തുന്നുണ്ട്.

എമിലി ഡിക്കിൻസൺ

പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു അമേരിക്കൻ കവയിത്രി ആയിരുന്നു എമിലി ഡിക്കിൻസൺ (ജനനം: ഡിസംബർ 10, 1830; മരണം മേയ് 15, 1886). 1800-നടുത്ത് കവിതകൾ എഴുതിയ അവരുടെ ഏഴു കവിതകൾ മാത്രമാണ് ജീവിതകാലത്ത് വെളിച്ചം കണ്ടത്. മരണവും അമർത്ത്യതയും കവിതയിൽ അവരുടെ ഇഷ്ടപ്രമേയങ്ങളായിരുന്നു. എമിലിയുടെ മരണശേഷം 1890-ൽ കുടുംബാംഗങ്ങൾ കണ്ടെടുത്തു പ്രസിദ്ധീകരിച്ച കവിതകൾക്ക് ഏറെ ആസ്വാദകരുണ്ടായി. എങ്കിലും ആ കവിതകൾ അവയുടെ മൂലപാഠത്തിലെ സവിശേഷമായ വിരാമാദിചിഹ്നങ്ങളും, വർണ്ണനിഷ്ഠകളുമായി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് തോമസ് ജോൺസന്റെ 1955-ലെ പതിപ്പിലാണ്.