എന്റെ രാജ്യം

ഇന്ത്യ

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഹിന്ദി: भारत गणराज्य) എന്നറിയപ്പെടുന്ന ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാൻ എന്നും ഇതു് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യൻ‍ യൂണിയനുപുറമെ പാകിസ്താനെയും ബംഗ്ലാദേശിനെയും കൂടി ഉൾക്കൊള്ളുന്നതാണ്. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകൾ (4,671 മൈ.)[11] നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താൻ, ബംഗ്ളാദേശ്‌, ചൈന, നേപ്പാൾ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.

സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌.[12] ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ - ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം എന്നിവ - ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ സൊറോസ്ട്രിയൻ മതം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങൾ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.


ഇന്ത്യ

സിന്ധുനദിയുടെ പേരിൽനിന്നാണു് ഹിന്ദുസ്ഥാൻ, ഇന്ത്യ എന്നീ പേരുകൾ രാജ്യത്തിനുണ്ടായതു്. സിന്ധുനദിയെ പേർഷ്യക്കാർ ഹിന്ദുവെന്നും ദേശത്തെ ഹിന്ദുസ്ഥാൻ എന്നും വിളിയ്ക്കുന്നതു് കേട്ടു് ഗ്രീക്കകാർ ഇൻഡസ് (indus) എന്നും ഇന്ത്യ എന്നും വിളിച്ചുവന്നു.


ചരിത്രം

ചരിത്രാതീത യൂറോപ്പിന്റേതുപോലെ തന്നെ ഉത്തരേന്ത്യയിലും ഹിമയുഗം ഉണ്ടായിട്ടുണ്ട്. ഹിമയുഗത്തിലെ രണ്ടാം പാദത്തിലെ 4,00,000 നും 2,00,000 നുമിടക്കുള്ള വർഷങ്ങളിലാൺ മനുഷ്യന്റെ പാദസ്പർശം ഈ ഭൂമിയിൽ ഉണ്ടായത്. ഇതിന്റെ തെളിവ് പഞ്ചാബിലെ സോഹൻ നദിയുടെ തീരത്തുയർന്ന നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നാൺ ലഭിച്ചത്. വെള്ളാരം കല്ലുകൾ കൊണ്ടുള്ള ആയുധങ്ങൾ ഈ നദിയുടെ തീരങ്ങളിൽ നിന്ന ലഭിക്കുകയുണ്ടായി. ഇവയ്ക്കൊപ്പം ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാനായിട്ടില്ല. ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേത്‌. മധ്യപ്രദേശിലെ ഭീംബേഡ്കയിൽ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ്‌ ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ.9000 വർഷങ്ങൾക്കു മുൻപ്‌ ഇന്ത്യയിലേക്ക്‌ ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം. ഹരപ്പ, മോഹൻജൊ-ദാരോ എന്നിവിടങ്ങളിൽ നിന്ന്‌ മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്.

പതിനാറാം നൂറ്റാണ്ടുമുതൽ പോർച്ചുഗീസ്‌, ഡച്ച്‌, ഫ്രഞ്ച്‌, ബ്രിട്ടീഷ്‌ അധിനിവേശമുണ്ടായി. ഇന്ത്യയുമായി വാണിജ്യ ബന്ധമായിരുന്നു യൂറോപ്യന്മാരുടെ ലക്ഷ്യമെങ്കിലും പരസ്പരം പോരടിച്ചു നിന്നിരുന്ന സാമ്രാജ്യങ്ങളെ മുതലെടുത്ത്‌ അവർ ഇന്ത്യയൊട്ടാകെ കോളനികൾ സ്ഥാപിച്ചു. 1857-ൽ ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്കു നേരെയുണ്ടായ കലാപമാണ്‌ യൂറോപ്യൻ അധിനിവേശത്തിനു നേരെ ഇന്ത്യക്കാർ നടത്തിയ പ്രധാന ചെറുത്തുനിൽപ്പ്‌ ശ്രമം. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം എന്നറിയപ്പെടുന്ന ഈ കലാപം പക്ഷേ ബ്രിട്ടീഷ്‌ സൈന്യം അടിച്ചൊതുക്കി. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലുമായി.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസയിൽ അധിഷ്ഠിതമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം ശക്തിപ്രാപിച്ചു. വർഷങ്ങൾ നീണ്ട സഹന സമരങ്ങൾക്കൊടുവിൽ 1947 ഓഗസ്റ്റ്‌ 15ന്‌ ഇന്ത്യ ബ്രിട്ടീഷ്‌ ആധിപത്യത്തിൽനിന്ന് സ്വതന്ത്രമായി. എന്നാൽ ഇന്ത്യയുടെ ഒരു ഭാഗം പാകിസ്താൻ എന്ന പേരിൽ വിഭജിച്ച്‌ മറ്റൊരു രാജ്യമാകുന്നത്‌ കണ്ടാണ്‌ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം തുടങ്ങുന്നത്‌.
22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണു്[13]. 2001-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 102 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌

ഭൂമിശാസ്ത്രം

പൂർണ്ണമായും ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ഉത്തര അക്ഷാംശം 8 ഡിഗ്രി 7 മിനുറ്റിനും 37 ഡിഗ്രി 6 മിനുറ്റിനും മദ്ധ്യേയും പൂർവ രേഖാംശം 68 ഡിഗ്രി മിനുറ്റിനും 97 ഡിഗ്രി 25 മിനുറ്റിനും മദ്ധ്യേയുമാണ്‌ ഇന്ത്യയുടെ സ്ഥാനം. ലോകത്തിലെ ഭൂവിസ്തൃതിയുടെ 2.42 ശതമാനവും എന്നാൽ ജനസംഖ്യയുടെ 16 ശതമാനവും ഇന്ത്യയിലുണ്ട്. വലിപ്പത്തിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ 7 ആം സ്ഥാനവും ജനസംഖ്യയിൽ രണ്ടാംസ്ഥാനവും ഇന്ത്യക്കുണ്ട്. ഇന്ത്യയിലൂടെ ഉത്തരായന രേഖ കടന്നു പോകുന്നുണ്ട്.
32,87,623 ചതുരശ്ര കിലോമീറ്ററാണ്‌ ഇന്ത്യയുടെ വിസ്തൃതി. വടക്കേയറ്റം മുതൽ തെക്കേയറ്റം വരെ 3,214 കിലോമീറ്ററും കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 2,933 കിലോമീറ്ററുമാണ്‌ ഇന്ത്യയുടേ ദൈർഘ്യം.

പർ‌വ്വതങ്ങൾ

ഹിമാലയം, ആരവല്ലി, സത്പുര, വിന്ധ്യൻ, പശ്ചിമഘട്ടം, പൂർ‌വ്വഘട്ടം എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന പർ‌വ്വതനിരകൾ

നദികൾ

ഹിമാലയൻ നിരകളും പശ്ചിമഘട്ടവുമാണ്‌ ഇന്ത്യയിലെ നദികളൂടെ പ്രധാന ഉറവിടങ്ങൾ. ഹിമാലയൻ നദികളിൽ പ്രധാനം സിന്ധു, ഗംഗ, ബ്രഹ്മപുത്ര എന്നിവയും അവയുടെ പോഷക നദികളുമാണ്‌. പശ്ചിമഘട്ടത്തിൽ നിന്നൊഴുകുന്നയിൽ നർമദ, തപ്തി, മഹാനദി, ഗോദാവരി, കൃഷ്ണ, കാവേരി, എന്നിവയാണ്‌ പ്രധാന്യമർഹിക്കുന്നത്. നിരവധി വൈദ്യുത, ജലസേചന പദ്ധതികളും വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളും ഈ നദികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.

ദേശീയ പതാക

കുങ്കുമം, വെള്ള, പച്ച എന്നീ നിറങ്ങളുള്ളതും 2:3 എന്ന അനുപാതത്തിൽ നിർമ്മിച്ചതും കൃത്യം മദ്ധ്യഭാഗത്ത് 24 ആരക്കാലുകളുള്ള അശോക ചക്രം പതിപ്പിച്ചതുമായ പതാകയാണ് ഇന്ത്യയുടെ ദേശീയപതാക. ആന്ധ്രാപ്രദേശുകാരനായ പിംഗലി വെങ്കയ്യ രൂപകൽപ്പന ചെയ്ത ഈ പതാക, 1947 ജൂലൈ 22-നു ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ചു. ദേശീയപതാകയിലെ കുങ്കുമനിറം ധൈര്യത്തിനേയും ത്യാഗത്തിനേയും സൂചിപ്പിക്കുന്നു. വെള്ളനിറം സത്യം, സമാധാനം എന്നിവയുടെ പ്രതീകമാണ്. പച്ചനിറം ശൌര്യവും വിശ്വാസവും പ്രതിനിധീകരിക്കുന്നു. സാഞ്ചിയിലെ സ്തൂപത്തിൽ നിന്നും കടംകൊണ്ട ചക്രം കർമ്മത്തിന്റെ പ്രതീകമാണ്. കുങ്കുമനിറം മുകളിൽ വരത്തക്കവിധമാണ്

ദേശീയഗാനം

രവീന്ദ്രനാഥ ടാഗോർ രചിച്ച ജനഗണമനയാണ് ഇന്ത്യയുടെ ദേശീയഗാനം. 1950 ജനുവരി 24-നു ജനഗണമന ദേശീയഗാനമായി അംഗീകരിച്ചു. സംസ്കൃതത്തിൽ രചിക്കപ്പെട്ടവന്ദേമാതരം എന്ന ബങ്കിം ചന്ദ്ര ചാറ്റർജിയുടെ കൃതിയാണ് ഇന്ത്യയുടെ ദേശീയ ഗീതം. ദേശീയഗാനത്തിന്റെ കൂടെ തന്നെ ദേശീയഗീതത്തേയും അംഗീകരിച്ചിരുന്നു. മുഹമ്മദ് ഇക്‌ബാൽ രചിച്ച സാരെ ജഹാൻ സെ അച്ഛാ എന്ന ഗാനത്തിനും ദേശീയഗാനത്തിന്റേയും ദേശീയഗീതത്തിന്റേയും തുല്യപരിഗണനയാണ് നൽകി വരുന്നത്.